Tuesday 14 December 2010

പത്തു രൂപയ്ക്ക് രണ്ടു പ്രേമലേഖനങ്ങള്‍

നുണയല്ല ... ഇന്നലെ  രാത്രിയാണിത്  ഞാന്‍  വാങ്ങിച്ചത് . ബസ് സ്റ്റാന്റിന്റെ    തെക്ക് വശത്തുള്ള ലോഡ്ജില്ലേ ,  അതിന്‍റെ  താഴത്തു നിന്ന് . ഇതാ വായിച്ചു നോക്കൂ ...

ഒന്നാമത്തെ കത്ത്


       എന്‍റെ  സ്വപ്നത്തിന്‍  തളിരിണയില്‍ വിടര്‍ന്ന നിശാപുഷ്പമേ , നിന്‍റെ ഗന്ധം എന്‍റെ രാവുകളിലൊരു താരായ് പടര്‍ന്നപ്പോള്‍  ഞാനറിഞ്ഞു നീയില്ലാതെ ഞാനില്ലെന്ന് , എന്‍ സ്വപ്നങ്ങളില്ലെന്ന് .
        ആ നിലാവിന്‍റെ  നീലിമയില്‍  ഒരു  കുളിര്‍തെന്നലായ്‌ ഞാനൊഴുകി . പച്ച വിരിച്ച പുല്‍മേടുകളിലൂടെ , നിന്നെപ്പോലെ മധുരമായി മന്ദഹസിക്കുന്ന അരുവിയിലൂടെ , നിനക്കായ് ഞാനൊരുക്കിയ ഉദ്യാനത്തിലൂടെ . നിന്‍റെ ഗന്ധം ഈ രാവിന്റെ ഗന്ധമാകുമ്പോഴും,  എങ്ങും നിന്നെ മാത്രം കണ്ടതില്ല .  അരുവിയില്‍  കണ്ടൊരീ അമ്പിളി വിരഹത്തെ ദുസ്സഹമാക്കുന്നു.
             പതിയെ  അരുവിയിലേയ്ക്കാഴ്ന്നിറങ്ങിയ  നേരം ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ സിരകള്‍ ചൂട് പിടിക്കുന്നു . നദിയുടെയാത്മാവും  എന്റെയാത്മാവും ഒന്നായി ചേരുന്ന നിമിഷങ്ങള്‍,  ഒരു  ഹിമകണമെന്ന പോലെ അലിഞ്ഞലിഞ്ഞ് ....ഒടുവില്‍ നിശാഗന്ധിയുടെ   മണമുള്ള ,  അരുവിയെപ്പോല്‍  മന്ദഹസിക്കുന്ന ഒരു ബിന്ദുവിലേയ്ക്ക്.....നിന്നിലേയ്ക്ക്..

       നിന്‍റെ മൌനം എന്‍റെ സ്വപ്നങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു. നിന്‍റെ കണ്ണുകളിലെ ആ തിളക്കം എന്‍റെ മോഹത്തിന്റെ മിടിപ്പുകള്‍ കൂട്ടുന്നു. എന്‍റെ സ്വപ്‌നങ്ങള്‍ കോര്‍ത്തൊരീ  പട്ടുനൂല്‍ പ്രണയപരതയുടെ വിശുദ്ധ നിമിഷം കൊണ്ട് ബന്ധിച്ചിടട്ടെ....

രണ്ടാമത്തെ കത്ത്


        പ്രിയപ്പെട്ടവളെ,  എന്‍റെ വാക്കുകള്‍ എന്‍റെ രക്തത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയതാണ്    .  നിന്നെക്കുറിച്ചുള്ള  വാഗ്മയസ്വപ്‌നങ്ങള്‍  എന്‍റെ  തൊണ്ടയില്‍ ചവര്‍പ്പായി പടരുമ്പോള്‍ ഞാന്‍ ആ ലഹരിയില്‍ ഗൂഡമായി ആനന്ദിക്കുന്നു , അതെന്‍റെ ആത്മാവെന്ന രക്തഹിമം അലിയുന്നതാണെങ്കിലും .  അലിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്നെ ദുഖിപ്പിച്ചില്ല , കാരണം  ഒടുവില്‍  നീയെന്നെയറിയുന്ന  നിമിഷം വരുമല്ലോയെന്നോര്‍ത്തു .
                മനസ്സു പിടിവിട്ടു പോകുന്ന നേരങ്ങളില്‍ നിന്‍റെ നാമം മന്ത്രമായ് മാറി..എന്‍റെ സ്വപ്‌നങ്ങള്‍ , സന്ദേഹങ്ങള്‍  വാഗ്മയചിത്രമായ്  ഞാനെഴുതവേ , ഒരര്‍ദ്ധവിരാമത്തിലുടക്കി എന്‍റെ തൂലിക നിലത്തു പോയി .   ഇന്ന്  ഞാനീ മണ്ണില്‍ പടരവേ ..നീ വന്നു , കയ്യിലൊരു  പുഷപവുമായ് , ഒരു ചുവന്ന പനിനീര്‍ പുഷ്പവുമായ്  .
              എന്‍റെ മനസ്സ്  ഇന്നീ  തൊട്ടാവാടിപ്പൂവിലാണ്  . കറുത്ത  വെണ്ണക്കല്‍  പാളിയുടെ വിടവിലൂടെ  വളര്‍ന്ന ആ തൊട്ടാവാടിച്ചെടിയില്‍  ..നിന്‍റെ  കണ്ണില്‍ നിന്നും  ഊര്‍ന്നു വീണ ഈ നീര്‍ക്കണങ്ങള്‍ക്ക്   ആ തൊട്ടാവാടിചെടിയെ   ഒരിക്കലും  തൊടാന്‍ കഴിഞ്ഞില്ല...എല്ലാമറിഞ്ഞു കൊണ്ടോയെന്നറിയില്ല  നീ  ആ ചെടി പിഴുതു കളഞ്ഞതും.....


               മടിക്കുത്തില്‍  നിന്നെടുത്തു  തന്ന  ആ  കടാലാസു കഷണങ്ങള്‍ക്ക്  ഒരുപാട് മണങ്ങളുണ്ടായിരുന്നു.....പലതരം പൌടറിന്റെ , വിയര്‍പ്പിന്റെ പുരുഷഗന്ധങ്ങള്‍ . ........നിങ്ങളുടെ  മുഖത്ത് കാണുന്ന സംശയം എനിക്കറിയാം , ഒരു നീല സാരിയുടുത്ത പെണ്ണാണോ എന്നല്ലേ ? ..തീര്‍ച്ചയായും !!! ..നിങ്ങളുടെ കണ്ണിലുള്ള ആള്‍ക്കൂട്ടവും അതിനു നടുവില്‍ കിടക്കുന്ന അവളെയും എനിക്ക് കാണാനാകുന്നുണ്ട് .!!!.

8 comments:

  1. നദിയുടെയാത്മാവും എന്റെയാത്മാവും ഒന്നായി ചേരുന്ന നിമിഷങ്ങള്‍, ഒരു ഹിമകണമെന്ന പോലെ അലിഞ്ഞലിഞ്ഞ് ....ഒടുവില്‍ നിശാഗന്ധിയുടെ മണമുള്ള , അരുവിയെപ്പോല്‍ മന്ദഹസിക്കുന്ന ഒരു ബിന്ദുവിലേയ്ക്ക്.....നിന്നിലേയ്ക്ക്..

    ReplyDelete
  2. ഈ നിമിഷം എന്‍റെ ഈ ജന്മത്തെ ഒരോട്ടു പുച്ഛത്തോടെ നോക്കികാണുന്നു എന്തെന്നാല്‍ നിന്‍റെ സൃഷ്ടിക്കൊരു അഭിപ്രായം എഴുതാന്‍ പോലും എന്‍റെ ഭാഷാ സമ്പതെന്നെ ദ്വിഭാഷിയുടെ സഹായത്താല്‍ പോലും അനുവദിക്കുന്നില്ലല്ലോ സുഹൃത്തേ .... ഈ അവസരത്തില്‍ ഞാന്‍ അല്പം സ്വാര്‍ത്ഥനായി അഹങ്കരിക്കുന്നു.... ഞാനും നിന്‍റെ സുഹൃത്താണല്ലോ....
    ഇതുവരെ കേട്ടറിവ് മാത്രമുണ്ടായിരുന്ന നിന്നെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു....

    ReplyDelete
  3. ഈ പ്രണയലേഖനങ്ങളെന്നു വച്ചാ കടുപ്പം സാഹിത്യം തന്നെ.
    ഞാനിപ്പഴാ ഒരെണ്ണം ജീവിതത്തിലാദ്യാ‍യിട്ട് വായിക്കുന്നത്.
    (സത്യം!)

    പിന്നേ,
    വാഗ്മയം എന്നത് വാങ്‌മയം എന്നാക്കണേ...

    ആശംസകൾ!

    ReplyDelete
  4. അപ്പൊ ഇതാണല്ലേ ഈ പ്രണയ ലേഘനം ... വായിച്ചിട്ട് പേടിയായി പോയി :)

    ReplyDelete
  5. അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഒരു ഒറിജിനല്‍ പ്രേമലേഖനം വായിച്ചു ..സന്തോഷം ..

    ReplyDelete
  6. ഇത് കണ്ട് ഞാൻ വിരണ്ടുപോയെന്നറിയിയ്ക്കട്ടെ.
    എന്തൊരു പ്രണയലേഖനം! ആഹാ.......

    ReplyDelete
  7. ഞാനും ഈ പ്രണയലേഖനങ്ങളൊന്നും വായിച്ചിട്ടില്ല.
    ഇനി വായിക്കാന്‍ യോഗമുണ്ടാവുമെന്നു കരുതുന്നുമില്ല.
    നല്ല പോസ്റ്റ് ആണ്‌.
    ഒരു പ്രണയലേഖനം വിഷയമാക്കി ഞാനുമൊരു കഥയെഴുതിയിട്ടുണ്ടായിരുന്നു. സമയം കിട്ടിമ്പോള്‍ ഒന്ന് വായിച്ച് അഭിപ്രായം പറയണേ.....എതാണ്ട് ഇതുപോലെയാണ്‌ ത്രെഡ്, അതാണ്‌ ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
    http://deepupradeep.blogspot.com/2010/08/blog-post_3964.html

    ReplyDelete