Thursday, 13 January 2011

സാധ്യതകളുടെ സങ്കലനം

         നിശ്ചലമായ ജലത്തില്‍ അനങ്ങാതെ ഇങ്ങനെ മലര്‍ന്നു കിടക്കാന്‍ എന്ത് സുഖമാണ് . ശ്രദ്ധിച്ചു നോക്കൂ .., അടിത്തട്ടില്‍ നിന്നു ഒരു നനുത്ത ഗാനം , എവിടെയോ കേട്ടു മറന്നത് ...വ്യക്തമാകാന്‍ വേണ്ടി നിശബ്ദമായ് അനങ്ങാതെ  ഓളങ്ങളില്‍ , ഓര്‍മ്മകളില്‍ കാതു കൂര്‍പ്പിച്ചു ഞാന്‍ കിടന്നു .,.. മധുരമുള്ള നനുത്ത ശകലങ്ങള്‍ കാതില്‍ വീണു കൊണ്ടിരുന്നു ..
 
        പെട്ടെന്ന് കാളിംഗ് ബെല്ലിന്റെ ശബ്ദം മുഴങ്ങി . ആരാണ് ഈ നേരത്ത് ? രാരീഷ് ഇത്ര പെട്ടെന്ന് മടങ്ങി വന്നോ ! . അവധിയുടെ സുഖം കെടുത്താന്‍ ഓരോ ശല്യങ്ങള്‍ !.. പീപ്ഹോളിലൂടെ നോക്കിയപ്പോള്‍ ഉറക്കച്ചടവിലൂടെ കണ്ട മുഖം പെട്ടെന്ന് മനസ്സിലായില്ല ,  കണ്ണൊന്നു കൂടി തിരുമ്മി നോക്കി . ദൈവമേ ! ഒരു പെണ്ണ് ! ഇതു  മുകളിലത്തെ ഫ്ലാറ്റിലെ ആ ബംഗാളിപ്പെണ്‍കുട്ടിയല്ലേ !  ഉള്ളു പടപടാ മിടിച്ചു . ഒരു നിമിഷം വാതില്‍ തുറക്കണോ എന്നു സംശയിച്ചു . എന്തും വരട്ടെ , വാതില്‍ തുറന്നു , അവളുടെ മുഖത്ത് നിറഞ്ഞു നിന്നത് പരിഭ്രമം .
      എക്സ്ക്യൂസ് മി , നിങ്ങളുടെ ജനാലയില്‍ എന്‍റെ പാന്‍റ്  കിടക്കുന്നുണ്ട് , ഒന്നെടുത്തു തരാമോ ?
    എന്‍റെ ദൈവമേ ഇവളെന്താണ് പറയുന്നത് !  റൂംമേറ്റിന്റെ മുഖം മനസ്സിലെത്തി .  ഏയ്‌ , അതിനു സാധ്യതയില്ല കാറ്റത്ത്‌ വന്നു വീണതായിരിക്കാം !

    "  ശരി . വരൂ "  ..അകത്തു കടന്നപ്പോള്‍ അവളുടെ കണ്ണുകളില്‍ പരിഭ്രമം കുറുകി നിന്നു . ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളില്‍ വിയര്‍പ്പു കിനിഞ്ഞു . തുടുത്ത കവിളുകള്‍ , ചെറിയ ഭംഗിയുള്ള നാസിക , വംഗ സുന്ദരി !. അവളുടെ  മുഖം കൈകള്‍ക്കുള്ളിലെടുത്തു ഓമനിക്കുവാന്‍ തോന്നി .

       അവള്‍ അകത്തു കടന്നപ്പോള്‍ യൂഡി കൊളോണിന്‍റെ  ഗന്ധം മുറിയില്‍ പടര്‍ന്നു .
     അവളുടെ മുഖം ഞാന്‍ കണ്ണെടുക്കാതെ നോക്കി നിന്നു . അവളുടെ മുഖം വിളറിയിരുന്നു . ഞങ്ങള്‍ തനിച്ചെന്നോര്‍ത്തപ്പോള്‍    എന്‍റെ ഉള്ളു പിന്നെയും വിറച്ചു .

       " വരൂ " . ..ബെഡ് റൂമിന്റെ വാതില്‍ തുറക്കുമ്പോള്‍ കൈകള്‍ വിറച്ചു . ജന്നല്‍ തുറന്നപ്പോള്‍ പൊടിക്കാറ്റു മുഖത്തടിച്ചു . താഴെ നില്‍ക്കുന്ന മുള്‍ചെടികളും  മള്‍ബറിയും പൊടി പിടിച്ചു നില്‍ക്കുന്നു . പൊടിക്കാറ്റില്‍ ആകാശം വിളറി നിന്നു  അവളുടെ മുഖം പോലെ . ജനലരികിലെ ആണിയില്‍ കുരുങ്ങി ഒരു വെളുത്ത പാന്‍റ് കിടന്നിരുന്നു .
      
          നനുത്ത നേര്‍മ്മയുള്ള തുണി കയ്യിലെടുക്കുമ്പോള്‍ പിന്നില്‍ നിറയുന്ന യൂഡി കൊളോണിന്‍റെ  ഗന്ധം , എന്‍റെ തൊട്ടു പിന്നില്‍ .!

                  കൈകളില്‍ തൊടാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ധൈര്യം വന്നില്ല , അതു മനസ്സിലായിട്ടായിരിക്കണം  അവളുടെ ചുണ്ടില്‍ നേരിയ ചിരി പടര്‍ന്ന പോലെ , പുകഞ്ഞു കിടന്ന നേരിപ്പോടിനെ  തലോടിപ്പോയ ഒരു തണുത്ത കാറ്റ് പോലെ . ....  തിരിഞ്ഞു നടക്കുമ്പോള്‍ വെളുത്ത ബനിയനു പിറകില്‍ നനവു പടര്‍ന്നിരിക്കുന്നു , വിയര്‍പ്പും പെര്‍ഫ്യൂമും കലര്‍ന്ന ഗന്ധം സിരകളില്‍ തരിപ്പു പടര്‍ത്തി .
    
       തലേന്ന് കണ്ട സിനിമയിലെ നായകന്‍ ചെയ്തത് പോല്‍ സുഗന്ധതൈലങ്ങള്‍ പുരട്ടി , അവളുടെ വിയര്‍പ്പും ഗന്ധവും കലര്‍ന്ന തൈലം മൂര്‍ച്ചയുള്ള കത്തിയാല്‍ ചോര കിനിയാതെ വടിച്ചെടുക്കണം . പിന്നെ അത് വാറ്റണം , അതിനു മുന്‍പ് ആ മൂര്‍ച്ച അവളുടെ കഴുത്തിലമരണം . പിന്നീടു എന്‍റെ കുരുക്ക് , വാറ്റിയെടുത്ത ആ തൈലം തേച്ചു മിനുക്കണം , പിന്നെ ആ സുഗന്ധത്തില്‍ ശാന്തമായുറങ്ങണം  .

   ചുണ്ടില്‍ കിനിഞ്ഞ മന്ദഹാസം , പുറത്തു പടരുന്ന വിയര്‍പ്പിന്‍റെ  ഗന്ധം ഗാഡമായ ഒരാലിംഗനത്തിലൊതുങ്ങി . ഇപ്പോള്‍ ആ വിയര്‍പ്പു കണങ്ങള്‍ എന്‍റെ നെഞ്ചിലാണ് പടരുന്നത്‌ , മുടിയിഴകള്‍ മുഖത്ത് പടര്‍ന്നപ്പോള്‍ മനസ്സിലെയിരുട്ടില്‍ ഒരു വാള്‍ വീഴുന്ന ശബ്ദം , തെറിക്കുന്ന ചോര !.

   അകത്തേയ്ക്ക് ചെല്ലാന്‍ അകാരണമായ ഒരു ഭയമുണ്ടായിരുന്നു . പ്രതീക്ഷിച്ചത് പോലെ അവിടെ അവന്‍ മാത്രം . മുറിയ്ക്ക് സ്ട്രോബ്ബറിയുടെ  തണുത്ത മധുര ഗന്ധമായിരുന്നു . അവന്റെ കണ്ണുകളില്‍ പരിഭ്രമം തിളങ്ങി നിന്നു . ട്രിം ചെയ്തു നിര്‍ത്തിയ നനുത്ത താടിയും മീശയും . പപ്പാ പറഞ്ഞു കെട്ട മലയാളികളുടെ കഥകള്‍ അത്ര രസമുള്ളതായിരുന്നില്ല , പക്ഷെ അവനെ കാണുമ്പോള്‍ മനസ്സില്‍ വരുന്നത് ലോകത്താദ്യമായി കമ്യൂണിസം അധികാരത്തില്‍ വന്ന നാടാണ് . ട്രിം ചെയ്ത താടിയില്‍ , നീണ്ടു കിടന്ന മുടിയില്‍ , തിളങ്ങുന്ന കണ്ണില്‍ പാഠപുസ്തകങ്ങളില്‍ കണ്ട വിപ്ലവകാരിയുടെ രേഖാചിത്രം  ഒളിഞ്ഞു നിന്നിരുന്നു .

         ബെഡ് റൂമിന്‍റെ വാതില്‍ തുറന്നപ്പോള്‍ നല്ല തണുപ്പ് . അവന്‍റെ  ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മുറി . അകത്തു കടന്നപ്പോള്‍ ഉള്ളില്‍ തരിപ്പ് പടര്‍ന്നു . അവന്റെ മുടിയിഴകള്‍ക്ക്  എന്തു കറുപ്പാണ് . ജനാല തുറന്നപ്പോഴടിച്ച  കാറ്റില്‍  അവന്‍റെ മുടിയിഴകള്‍ തുള്ളുന്നത്  കാണാന്‍ നല്ല ചന്തമുണ്ട് . പരിഭ്രമം കൊണ്ടാണെന്ന് തോന്നുന്നു അവന്റെ ശബ്ദമിടറിയത്‌ . ജനാലയുടെ അപ്പുറത്തു നിന്നു തുണി അവന്‍ എത്തിച്ചെടുത്തു  .  കയ്യില്‍ മെല്ലെ തൊട്ടപ്പോള്‍ അവന്‍റെ  മുഖത്ത് വിയര്‍പ്പു കിനിഞ്ഞിരുന്നു .

       വിപ്ലവ കാരിയുടെ  രേഖാചിത്രം  വിയര്‍പ്പാല്‍ ഒപ്പിയെടുക്കുമ്പോള്‍ മനസ്സിലും പടര്‍ന്നത് ചുവപ്പായിരുന്നു . വെളുത്ത കയ്യുറയില്‍ പടരുന്ന രക്തത്തിന്റെ ചുവപ്പ് , ചൂഴ്ന്നെടുത്ത ജീവന്റെ തുടുപ്പ് .

    വാളില്‍  നിന്നു തെറിച്ചതും കയ്യുറയില്‍ പടര്‍ന്നതും ഒരേ ചോര തന്നെയാണ് , രണ്ടു ജീവനും .

        രണ്ടു സാധ്യതകള്‍ , ആദ്യത്തേത് പിന്നെയും പിരിഞ്ഞു വീണ്ടും രണ്ടു സാധ്യതകള്‍ . നഷ്ടമാകുന്നത് ഓരോ ജീവന്‍ , ഒരേ രക്തം !

മനക്കോണില്‍ സാധ്യതകളുടെ സങ്കലനങ്ങള്‍ക്കൊടുവില്‍ ലാഭാമായത്  ഒരു ജീവന്‍ . അതു കൊണ്ട് അവള്‍ വാതിലിനു  പുറത്തു തന്നെ നിന്നു . അന്നും എന്നും !.