Tuesday 21 December 2010

വിരല്‍ത്തുമ്പുകളില്‍ അവള്‍

    എല്ലില്‍ തട്ടിയ മൂര്‍ച്ചയുടെ പുളിപ്പായാണവളെ  ആദ്യമറിഞ്ഞത്. തീരെ പ്രതീക്ഷിക്കാതെ തന്നെ , നിയോണ്‍ വെളിച്ചം പരന്നു കിടന്ന വഴിയില്‍ . വൃശ്ചിക മഞ്ഞിന്‍റെ ആവിയണിഞ്ഞു    നിന്ന നിയോണ്‍ വിളക്കുകളുടെ വെളിച്ചം തട്ടി എന്‍റെ മുന്നില്‍ അവളുടെ പുഞ്ചിരി തിളങ്ങി , ഒരു നിമിഷാര്‍ദ്ധം .

    ദീര്‍ഘമായ കാത്തിരിപ്പിന്റെ വേദനകളറിയാതെ  തൊട്ടടുത്തുണ്ടെന്ന  തോന്നലായിരുന്നു ആ ദിനങ്ങളില്‍ . ഓര്‍മ്മയുടെ കയങ്ങളില്‍ ഞങ്ങള്‍ കണ്ണു പൊത്തിക്കളിച്ചു .  മയക്കങ്ങള്‍ക്കിടയില്‍ അവള്‍ എന്‍റെ ചുണ്ടില്‍ നേര്‍ത്ത നനവായി , നെറ്റിയിലെ ഒരു തുള്ളി വിയര്‍പ്പായി , വിരല്‍ത്തുമ്പുകളില്‍ അരിച്ചെത്തുന്ന തണുപ്പായി അവള്‍ എന്നെ സ്പര്‍ശിച്ചു . തണുപ്പ് പടരുമ്പോള്‍ ഞാന്‍ കോരിത്തരിച്ചു .

   ഞാനും അവളും അന്ന് ചെറുപ്പമായിരുന്നു . അവളുടെ നിറം എന്‍റെ കണ്ണിമയ്ക്കുള്ളില്‍ തന്നെയായിരുന്നു , കറുപ്പോളം കറുത്ത് . ഒരു പുലര്‍ച്ചയില്‍ മഞ്ഞുതുള്ളികള്‍ പരന്നു കിടക്കുന്ന പുല്‍മേടിനു മുകളിലൂടെ താഴേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു  , അവളുടെ കൈ പിടിച്ച് , ചിറകു വെച്ചെന്ന പോലെ .  താഴെച്ചെന്നു കിതച്ചുകൊണ്ട് , ഗാഡമായി ആലിംഗനം ചെയ്തു ഞങ്ങളാ അരുവിയിലെക്കിറങ്ങി . ചുംബിക്കാന്‍ നിന്ന നേരം തൊണ്ടയിലെന്തോ തടഞ്ഞു , അതു ഞങ്ങളെ മെല്ലെ മെല്ലെ വേര്‍പ്പെടുത്തി .

     ആ രാത്രിക്ക് മുന്‍പും പലപ്പോഴും ഞാനവളെ കണ്ടിട്ടുണ്ട് . അടിയൊഴുക്കുള്ള നദികളില്‍ , ചൂട് പറക്കുന്ന പാളങ്ങളില്‍ , സ്പിരിറ്റിന്റെ മണമുള്ള ആശുപത്രി ഇടനാഴികളില്‍ , മങ്ങിയ വെളിച്ചമുള്ള തെരുവുകളില്‍ . അന്നൊന്നും അടുത്തറിയാന്‍ ശ്രമിച്ചില്ല എന്നതാണ്‌ നേര് . അടുത്തു വന്നപ്പോള്‍ പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല .  അതിനു മുന്‍പേ അവളെന്നെ ഗാഡമായി പുണര്‍ന്നു . അവള്‍ ഉച്ച്വസിക്കുമ്പോള്‍   ചൂടും തണുപ്പും മാറിമാറി എന്‍റെ ചെവിയെത്തലോടി .
         " അമ്പരന്നിട്ടുണ്ടാകും അല്ലെ?"
       " തീര്‍ച്ചയായും , ഈ തെരുവുകളില്‍ നിന്നെക്കാണുമെന്ന്‌    , ഇവിടെ നമ്മളൊന്നാകുമെന്നു  ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ."
     " സത്യം പറയൂ , നീയെന്നെ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല അല്ലെ? "
     " അതു തെറ്റാണ് , ഒരിക്കലുമെന്നു പറയരുത് . തോല്‍വികളില്‍ , നിരാശകളില്‍  ജന മധ്യത്തില്‍ ഞാന്‍ നഗ്നനാകുമ്പോള്‍ നിന്‍റെ സാമീപ്യം ഞാന്‍ കൊതിച്ചിരുന്നു . നിന്‍റെ മുടിയിഴകള്‍ക്കുള്ളിലെന്റെ മുഖമൊളിപ്പിക്കാന്‍ . പക്ഷെ പലപ്പോഴും ഞാനതിനു അര്‍ഹനല്ലെന്നാണ്  കരുതിയത്‌ . കെട്ടുപാടുകളുടെ കണക്കുകള്‍ തീര്‍ക്കാതെ എനിക്കെങ്ങനെ അവകാശം പറയാന്‍ കഴിയുമെന്ന് വിചാരിച്ചു . അവകാശമില്ലാതെ വലിഞ്ഞു കയറി നിന്‍റെ മുന്നില്‍ വരാന്‍ എനിക്ക് ജാള്യത തോന്നി ."
      " കുഴപ്പമില്ല , ഇന്ന് ഞാനാണ് നിന്നെ തേടി വന്നത് . നമ്മളീ തെരുവില്‍ പുലരും വരെ ഇങ്ങനെ പുണര്‍ന്നു കിടക്കും . രാത്രി നമ്മളെ മഞ്ഞുകൊണ്ടഭിഷേകം ചെയ്യും . കണ്ണു ചിമ്മുന്ന നക്ഷത്രങ്ങള്‍ ആരതിയുഴിയും , പിന്നെ ബഹളങ്ങളൊടുങ്ങുമ്പോള്‍    നമ്മളൊന്നാകും ."

      രാത്രി ഞങ്ങളെ ആശീര്‍വദിക്കുന്ന നേരത്ത് അവര്‍ എന്നെ അവളില്‍ നിന്നടര്‍ത്തിയെടുക്കാന്‍ വന്നു .  നരച്ച , സ്പിരിറ്റിന്‍റെ ഗന്ധം നിറഞ്ഞു നിന്ന വണ്ടിയില്‍ . ദിവസങ്ങളോളം അവര്‍ അവളെ എന്നില്‍ നിന്നകറ്റി നിര്‍ത്തി . പക്ഷെ ഇരുളിന്‍റെ  മറ പറ്റി പുലര്‍ കാലങ്ങളില്‍ അവള്‍ വന്നെന്നെ ഗാഡമായി പുണര്‍ന്നിരുന്നു , അവള്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി  . ഒടുവില്‍ എന്‍റെ കണ്ണിലേയ്ക്കു  മെല്ലെ അരിച്ചു കയറിയ കുമ്മായമടിച്ച സീലിങ്ങിന്റെ വെളുപ്പില്‍ അവളലിഞ്ഞു പോയി .

    അന്നെന്നെ അവളില്‍ നിന്നകറ്റിയവര്‍ എന്‍റെ ചുറ്റും ഇന്നിരിപ്പുണ്ട് , അവളെ കാത്ത്  .

     തീ നുകരാന്‍ വെമ്പി നില്‍ക്കുന്ന ചന്ദനത്തിരികള്‍ , തിരികളിലലിയാന്‍ തുളുമ്പി നില്‍ക്കുന്ന വിളക്കെണ്ണ  , തലയ്ക്കു മുകളില്‍ പറക്കാന്‍ തരിച്ചു നില്‍ക്കുന്ന തൂമ്പയും പിന്നെ ഞാനും ആ നിമിഷത്തിനായ് ... ചുണ്ടില്‍ നേര്‍ത്ത നനവായി , നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പായി , വിരല്‍ത്തുമ്പുകളിലൂടെ  അരിച്ചെത്തുന്ന തണുപ്പായി അവളിന്നു വരും .

Monday 20 December 2010

സര്‍പ്പ കോപം

        ഉമ്മറത്തിണ്ണയില്‍ ഇരുന്നു കുന്നിക്കുരു കൊണ്ടു കളിച്ചിരുന്ന രേഖയാണ് അതു കണ്ടത് . ആദ്യം രണ്ടെണ്ണമായിരുന്നു  , പ്രത്യേക താളത്തില്‍ ഉയര്‍ന്നും ആടിയും ചുറ്റി വരിഞ്ഞുകൊണ്ടും മുറ്റത്തു നൃത്തം വെച്ചു . മൂന്നാമന്റെ രംഗപ്രവേശം തികച്ചും അവിചാരിതമായിരുന്നു . താഴേയ്ക്ക് തൂങ്ങി നിന്ന് ചെമ്പരത്തിയുടെ കൊമ്പില്‍ നിന്നും പതുക്കെ മുറ്റത്തിറങ്ങി , നൃത്തത്തില്‍ പങ്കു ചേര്‍ന്നു .

      ദിനേശന്‍  ഗിരിജയെ വിളിച്ചു . ഗിരിജയുടെ  ബഹളം കേട്ട് അമ്മയും മച്ചുനന്മാരും ഓടി വന്നു . നൃത്തക്കാര്‍  അപ്പോഴേയ്ക്കും  പരിസമാപ്തിയില്‍ എത്തിയിരുന്നു . വടിയുമായെത്തിയ  കുട്ടപ്പനും  തങ്കനും രംഗം കണ്ടു പകച്ചു നിന്നു . കെട്ടുകളഴിഞ്ഞു തളര്‍ന്നു വീണ നൃത്തക്കാര്‍ ചെമ്പരത്തിയുടെ  ചുവട്ടിലൂടെ  പടിഞ്ഞാറെ തൊടിയിലേയ്ക്ക് ഇഴഞ്ഞു പോയി .

      പാമ്പിന്‍ കാവില്‍  വിളക്കു വെയ്ക്കാത്തത്‌ കൊണ്ടാണെന്ന് ഗിരിജയുടെ അമ്മ പറഞ്ഞു ,  മുല്ലയ്കലമ്മേ  ഞങ്ങളെ ബുദ്ധി മുട്ടിയ്ക്കല്ലേ !.
         കുട്ടപ്പനും തങ്കനും പരസ്പരം പുഞ്ചിരിച്ചു . ഏട്ടനും അനുജനുമാണെന്നു അവരെ കണ്ടാല്‍ പറയില്ല , ഇരട്ടകളെ പോലിരുന്നു . കുട്ടപ്പനും ഗിരിജയും ഒരേ തരക്കാരാണ് . അഞ്ചാം ക്ലാസ്സില്‍ വെച്ചു  പുളിക്കലെ കുണ്ടില്‍ പുസ്തകം ഒഴുക്കി വിദ്യാഭ്യാസ നയത്തെ ബഹിഷ്കരിച്ചവരാണവര്‍ . പുളിക്കലെ കുണ്ട്  പുസ്തകം ഏറ്റു വാങ്ങി അറബിക്കടലിനു കൊടുത്തയച്ചു .
  
        ഏതു കടുത്ത വേനലിലും പുളിക്കലെ കുണ്ട് നിറഞ്ഞു കിടന്നു . നാട്ടിലെ സകല പെണ്ണുങ്ങളും കുട്ടികളും വൈകുന്നേരങ്ങളില്‍ പുളിക്കലെ കുണ്ടിനെ  ഇളക്കി മറിച്ചു . നുണയും ഏഷണിയും പതപ്പിച്ചു അവര്‍ പുളിക്കലെ കുണ്ടിനെ അലക്കി വെളുപ്പിച്ചു . കൊടിയന്‍ കുന്നിന്‍റെ നേരെ ചുവട്ടിലൂടെ അരഞ്ഞാണം പോലെ കിടക്കുന്ന തോടിന്‍റെ വലിയ ഒരു ഭാഗമാണ് പുളിക്കലെ കുണ്ട് . അതിനു മുകളില്‍ കാടാണ് . കാഞ്ഞിരവും തേക്കും  പോട്യെനിയും നാനാ ജാതി മരങ്ങളും  കൊടിയന്‍ കുന്നിനെ പച്ച പുതപ്പിച്ചു നിന്നു .

       പുളിക്കലെ കുണ്ടില്‍ നായ്ക്കുരണപ്പൊടി  വിതറി കാട്ടില്‍ ഒളിച്ചിരുന്ന് കാണുന്നത് കുട്ടപ്പന്റെയും തങ്കന്റെയും സ്ഥിരം പരിപാടിയായിരുന്നു . ഒരു ദിവസം  ചെറുമക്കളുടെ  കയ്യില്‍ നിന്നു തല്ലു കിട്ടിയതോടെ ആ വിനോദം അവര്‍ നിര്‍ത്തി . എങ്കിലും മറ്റു കലാ പരിപാടികള്‍ക്കൊന്നും  കുറവുണ്ടായില്ല .

      ഗിരിജ ഇവരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല  , മനിശ്ശീരിക്കാരന്‍  ദിനേശന്‍ കല്യാണം കഴിക്കും വരെ . സ്ഥലത്തെ  പ്രധാന കേഡിയായിരുന്ന  അമ്മുക്കുട്ട്യേടതിയെ പോലും  തോല്പ്പിച്ചവളാണ്  ഗിരിജ . ആ മഹാസംഭവത്തിനു സാക്ഷ്യം വഹിച്ചതും പുളിക്കലെ കുണ്ടായിരുന്നു . കേഡി  വന്നാല്‍ മറ്റു പെണ്ണുങ്ങള്‍ അലക്ക് കല്ലൊഴിഞ്ഞു  കൊടുക്കും . ഒരു ദിവസം ഗിരിജ കേഡിയെ  മൈന്‍ഡ് ചെയ്തില്ല ! , കേഡി  കോപം കൊണ്ടു വിറച്ചു . വാക്പയറ്റു  കണ്ടു പുളിക്കലെ കുണ്ട് കിടുങ്ങി . വാക്പയറ്റില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കണ്ട കേഡി  അവസാനത്തെ അടവെടുത്തു . മല്‍ മുണ്ടിന്‍റെ അറ്റത്തേയ്ക്കു കേഡിയുടെ കൈ നീളുന്നത് കണ്ട പെണ്ണുങ്ങള്‍ തിരിഞ്ഞു നിന്നു . കേഡി  വിജയ ഭാവത്തില്‍ ഗിരിജയെ നോക്കി മന്ദഹസിച്ചു . പിന്നീട് നടന്നതെല്ലാം ചരിത്രം ! ,ഒറ്റക്കാലില്‍ വട്ടം കറങ്ങി നിന്ന ഗിരിജയുടെ കൈകള്‍ പാവാടത്തുമ്പിലെയ്ക്ക് നീണ്ടതും വെളുത്ത ക്യാന്‍വാസിലെ കറുത്ത ചിത്രം കേഡിയുടെ കണ്ണില്‍ മിന്നി മറഞ്ഞതും കേഡി  തളര്‍ന്നു വീണതും നിമിഷ നേരത്തില്‍ കഴിഞ്ഞു . പുളിക്കലെ കുണ്ട് കിടുങ്ങി നിന്നു . അന്നാണത്രേ  പുളിക്കലെ കുണ്ടിലെ ഒഴുക്ക് കുറഞ്ഞത്‌ !.

       കുളിക്കടവിലെ  പൊത്തില്‍ നിന്നും തന്നെ എത്തി നോക്കുന്ന നീര്‍ക്കോലിയെപ്പോലെ തോന്നിയെങ്കിലും അവള്‍  ദിനേശനെ ഇഷ്ടമാണെന്ന് പറഞ്ഞു . എ വി യു പി സ്കൂളില്‍ പത്താം ക്ലാസ് ! പസ്സായെന്നു കേട്ടപ്പോള്‍ ചെക്കന്‍റെ വീട്ടുകാരും സമ്മതിച്ചു .  അമ്മായി അമ്മ പ്രസ്ഥാനത്തോട്  അനുഭാവം പ്രകടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടു ഗിരിജ  സ്വന്തം വീട്ടിലേക്കു തിരിച്ചു പോന്നു , കൂടെ ദിനേശനും .

       വീട്ടില്‍ കളം കഴിക്കണമെന്ന് ലീലേട്ടതി  ദിനേശനെ ഉപദേശിച്ചു . "പടിഞ്ഞാറെ തൊടിയില്‍ സര്‍പ്പക്കാവ് കാലങ്ങളായി ആരും തിരിഞ്ഞു  നോക്കാതെ കിടക്കുകയാണ് , വിളക്കു  വെക്കാന്‍ ആര്‍ക്കും സമയമില്ല ".
   "അതിലൊന്നും കാര്യമില്ല അമ്മെ , അവറ്റയെ  നമ്മള്‍ ഉപദ്രവിക്കാതിരുന്നാ  മതി . നമ്മളെ ഒന്നും ചെയ്യില്ല ".
   " എന്നാലും കുട്ട്യേ , കാര്‍ന്നോന്മാര്‍ ചെയ്തോണ്ടിരുന്നത്‌ മൊടക്കാന്‍ പാടുണ്ടോ ?! നീ നാളത്തന്നെ കൊഴിഞ്ഞുള്ളി അച്ഛനെ വിളിച്ചു കൊണ്ടു വാ , നാളത്തന്നെ  കാവ് വൃത്തിയാക്കേം വേണം " .

        നാട്ടിലെ  പ്രധാന പൂജാരിയാണ്‌ കൊഴിഞ്ഞുള്ളി അച്ഛന്‍ , കുറച്ചു മന്ത്രവാദവും  കൈവശമുണ്ട് . അയാളുടെ ഒരു കണ്ണ് നഷ്ടപ്പെട്ടതും  കുട്ടികളില്ലാത്തതും ദുര്‍മന്ത്രവാദം ചെയ്യുന്നത് കൊണ്ടാണെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞിരുന്നു.
    പുളിക്കലെ കുണ്ട് കടന്നാല്‍ പാടമാണ് , അത് വടക്കേകരയെയും കൊടിയന്‍ കുന്നിനെയും  വേര്‍തിരിച്ചു  നിര്‍ത്തി . മീനചൂടില്‍ ചുട്ടു  നില്‍ക്കുന്ന  പാടവരമ്പിലൂടെ ദിനേശന്‍ വടക്കേകരയിലേക്ക്  നടന്നു . പാടത്തിനോടു ചേര്‍ന്നു  തന്നെയാണ് കൊഴിഞ്ഞുള്ളി അച്ഛന്റെ വീട് . ഉച്ച നേരത്ത് അയാളെ കാണാന്‍ പോണ്ട എന്ന് അമ്മായി പറഞ്ഞു .

       പകുതിയെത്തിയപ്പോള്‍  എന്തോ ഒരു വല്ലായ്മ പോലെ , ദിനേശന്‍  തിരിച്ചു  നടന്നു . പുളിക്കലെ കുണ്ട് കടന്നു പാമ്പിന്‍ കാവിന്നരികിലൂടെ കയറുമ്പോഴാണ് അവിടെ നിന്നു ചപ്പില ശബ്ദം കേട്ട് നോക്കിയത് . പാമ്പിന്‍ കാവിലെ ചപ്പിന്നിടയില്‍ കെട്ടിപ്പിണഞ്ഞു കിടന്ന ഒരച്ചില്‍ വാര്‍ത്തതു  പോലുള്ള രണ്ടു ദേഹങ്ങളും അതിന്നിടയിലെ വെളുത്ത ഉടലും ദിനേശന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു . തലയില്‍ മരവിപ്പ് പടരുന്നതു പോലെ , ദിനേശന് കാലുകള്‍ കുഴഞ്ഞു .

       പുളിക്കലെ കുണ്ടില്‍ നീലച്ചു കിടന്ന ദിനേശനെ നോക്കി നാട്ടുകാര്‍ അടക്കം പറഞ്ഞു      " ഒടി "  ,  മറ്റു ചിലര്‍ പറഞ്ഞു " സര്‍പ്പ കോപം " .
 

Tuesday 14 December 2010

പത്തു രൂപയ്ക്ക് രണ്ടു പ്രേമലേഖനങ്ങള്‍

നുണയല്ല ... ഇന്നലെ  രാത്രിയാണിത്  ഞാന്‍  വാങ്ങിച്ചത് . ബസ് സ്റ്റാന്റിന്റെ    തെക്ക് വശത്തുള്ള ലോഡ്ജില്ലേ ,  അതിന്‍റെ  താഴത്തു നിന്ന് . ഇതാ വായിച്ചു നോക്കൂ ...

ഒന്നാമത്തെ കത്ത്


       എന്‍റെ  സ്വപ്നത്തിന്‍  തളിരിണയില്‍ വിടര്‍ന്ന നിശാപുഷ്പമേ , നിന്‍റെ ഗന്ധം എന്‍റെ രാവുകളിലൊരു താരായ് പടര്‍ന്നപ്പോള്‍  ഞാനറിഞ്ഞു നീയില്ലാതെ ഞാനില്ലെന്ന് , എന്‍ സ്വപ്നങ്ങളില്ലെന്ന് .
        ആ നിലാവിന്‍റെ  നീലിമയില്‍  ഒരു  കുളിര്‍തെന്നലായ്‌ ഞാനൊഴുകി . പച്ച വിരിച്ച പുല്‍മേടുകളിലൂടെ , നിന്നെപ്പോലെ മധുരമായി മന്ദഹസിക്കുന്ന അരുവിയിലൂടെ , നിനക്കായ് ഞാനൊരുക്കിയ ഉദ്യാനത്തിലൂടെ . നിന്‍റെ ഗന്ധം ഈ രാവിന്റെ ഗന്ധമാകുമ്പോഴും,  എങ്ങും നിന്നെ മാത്രം കണ്ടതില്ല .  അരുവിയില്‍  കണ്ടൊരീ അമ്പിളി വിരഹത്തെ ദുസ്സഹമാക്കുന്നു.
             പതിയെ  അരുവിയിലേയ്ക്കാഴ്ന്നിറങ്ങിയ  നേരം ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ സിരകള്‍ ചൂട് പിടിക്കുന്നു . നദിയുടെയാത്മാവും  എന്റെയാത്മാവും ഒന്നായി ചേരുന്ന നിമിഷങ്ങള്‍,  ഒരു  ഹിമകണമെന്ന പോലെ അലിഞ്ഞലിഞ്ഞ് ....ഒടുവില്‍ നിശാഗന്ധിയുടെ   മണമുള്ള ,  അരുവിയെപ്പോല്‍  മന്ദഹസിക്കുന്ന ഒരു ബിന്ദുവിലേയ്ക്ക്.....നിന്നിലേയ്ക്ക്..

       നിന്‍റെ മൌനം എന്‍റെ സ്വപ്നങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു. നിന്‍റെ കണ്ണുകളിലെ ആ തിളക്കം എന്‍റെ മോഹത്തിന്റെ മിടിപ്പുകള്‍ കൂട്ടുന്നു. എന്‍റെ സ്വപ്‌നങ്ങള്‍ കോര്‍ത്തൊരീ  പട്ടുനൂല്‍ പ്രണയപരതയുടെ വിശുദ്ധ നിമിഷം കൊണ്ട് ബന്ധിച്ചിടട്ടെ....

രണ്ടാമത്തെ കത്ത്


        പ്രിയപ്പെട്ടവളെ,  എന്‍റെ വാക്കുകള്‍ എന്‍റെ രക്തത്തില്‍ നിന്നും കിനിഞ്ഞിറങ്ങിയതാണ്    .  നിന്നെക്കുറിച്ചുള്ള  വാഗ്മയസ്വപ്‌നങ്ങള്‍  എന്‍റെ  തൊണ്ടയില്‍ ചവര്‍പ്പായി പടരുമ്പോള്‍ ഞാന്‍ ആ ലഹരിയില്‍ ഗൂഡമായി ആനന്ദിക്കുന്നു , അതെന്‍റെ ആത്മാവെന്ന രക്തഹിമം അലിയുന്നതാണെങ്കിലും .  അലിഞ്ഞു പോകുന്ന ഓരോ നിമിഷവും എന്നെ ദുഖിപ്പിച്ചില്ല , കാരണം  ഒടുവില്‍  നീയെന്നെയറിയുന്ന  നിമിഷം വരുമല്ലോയെന്നോര്‍ത്തു .
                മനസ്സു പിടിവിട്ടു പോകുന്ന നേരങ്ങളില്‍ നിന്‍റെ നാമം മന്ത്രമായ് മാറി..എന്‍റെ സ്വപ്‌നങ്ങള്‍ , സന്ദേഹങ്ങള്‍  വാഗ്മയചിത്രമായ്  ഞാനെഴുതവേ , ഒരര്‍ദ്ധവിരാമത്തിലുടക്കി എന്‍റെ തൂലിക നിലത്തു പോയി .   ഇന്ന്  ഞാനീ മണ്ണില്‍ പടരവേ ..നീ വന്നു , കയ്യിലൊരു  പുഷപവുമായ് , ഒരു ചുവന്ന പനിനീര്‍ പുഷ്പവുമായ്  .
              എന്‍റെ മനസ്സ്  ഇന്നീ  തൊട്ടാവാടിപ്പൂവിലാണ്  . കറുത്ത  വെണ്ണക്കല്‍  പാളിയുടെ വിടവിലൂടെ  വളര്‍ന്ന ആ തൊട്ടാവാടിച്ചെടിയില്‍  ..നിന്‍റെ  കണ്ണില്‍ നിന്നും  ഊര്‍ന്നു വീണ ഈ നീര്‍ക്കണങ്ങള്‍ക്ക്   ആ തൊട്ടാവാടിചെടിയെ   ഒരിക്കലും  തൊടാന്‍ കഴിഞ്ഞില്ല...എല്ലാമറിഞ്ഞു കൊണ്ടോയെന്നറിയില്ല  നീ  ആ ചെടി പിഴുതു കളഞ്ഞതും.....


               മടിക്കുത്തില്‍  നിന്നെടുത്തു  തന്ന  ആ  കടാലാസു കഷണങ്ങള്‍ക്ക്  ഒരുപാട് മണങ്ങളുണ്ടായിരുന്നു.....പലതരം പൌടറിന്റെ , വിയര്‍പ്പിന്റെ പുരുഷഗന്ധങ്ങള്‍ . ........നിങ്ങളുടെ  മുഖത്ത് കാണുന്ന സംശയം എനിക്കറിയാം , ഒരു നീല സാരിയുടുത്ത പെണ്ണാണോ എന്നല്ലേ ? ..തീര്‍ച്ചയായും !!! ..നിങ്ങളുടെ കണ്ണിലുള്ള ആള്‍ക്കൂട്ടവും അതിനു നടുവില്‍ കിടക്കുന്ന അവളെയും എനിക്ക് കാണാനാകുന്നുണ്ട് .!!!.

Monday 13 December 2010

പാളങ്ങള്‍

              ആകാശത്തിന്റെ നനുത്ത നീലവെളിച്ചത്തില്‍ പിന്നിലേയ്ക്ക് ഓടി മറയുന്ന ഓരോ നിഴലും നെഞ്ചില്‍ വിങ്ങലിന്റെ കനം കൂട്ടി. പുറത്തു നിന്നും തള്ളി കയറിയ തണുത്ത കാറ്റ് കഴുത്തില്‍ കെട്ടിപ്പുണര്‍ന്നു മുഖത്ത് വീണ്ടും വീണ്ടും ഉമ്മ വെച്ചു , ഷാളിലേക്ക്  കൈ നീണ്ടെങ്കിലും അയാള്‍ വേണ്ടെന്നു വെച്ചു . മുമ്പിലിരുന്ന വൃദ്ധന്‍ ഉറക്കെ ചുമച്ചു കൊണ്ടിരുന്നു. ദൂരെ ഒരു പൊട്ടു പോലെ വളവു തിരിഞ്ഞു വരുന്ന വണ്ടിയുടെ പ്രകാശം അയാള്‍ കണ്ടു . അത് അടുത്തടുത്ത്‌ വരുന്തോറും അതിന്റെ നിറം തീക്ഷ്ണമാവുന്നതും തന്റെ വിരല്‍തുമ്പില്‍ കുങ്കുമ വര്‍ണ്ണത്തില്‍  തിളങ്ങുന്നതും അയാള്‍ കണ്ടു. അയാള്‍ കൈതച്ചെടികള്‍ വളര്‍ന്നു നിന്ന കൈത്തോടിലെ നനുത്ത ജലത്തില്‍  ഒരു പാളമായി മാറി . ആ പാളത്തില്‍ ഓടിത്തളര്‍ന്നു കിതച്ചു നിന്ന നേരം അവള്‍ അയാളുടെ മുഖത്ത് ചുംബിച്ചു . അവളുടെ കണ്ണില്‍ തിളങ്ങി നിന്നിരുന്ന രണ്ടു നീര്‍ത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ കര്‍ക്കിടകത്തില്‍ കാനല്‍തുള്ളിയെറ്റെന്ന  പോലെ അയാള്‍ തരിച്ചുപോയി. കണ്‍തടത്തിലെ കാര്‍മേഘങ്ങള്‍ ചുംബനത്തിന്റെ ഉഷ്മാവിനെ തണുപ്പിച്ചു കളഞ്ഞു.
      
           കര്‍ക്കിടകങ്ങള്‍ അവളെ അയാള്‍ എന്ന അച്ചുതണ്ടിന് ചുറ്റും കൂടുതല്‍ കൂടുതല്‍ ബന്ധിച്ചിരുന്നു . അടുക്കളപ്പുറത്തെ നേര്‍ത്ത തിണ്ടില്‍ പുണര്‍ന്നു നിന്ന അവരെ കാണാതെ ഒരു വര്‍ഷവും തിരിച്ചു പോയില്ല. അതുകൊണ്ട്  തന്നെയാണയാള്‍  വര്‍ഷത്തിന്‍റെ മുഴുവന്‍ വിങ്ങലും തണുപ്പും ഊഷ്മാവും പേറിക്കൊണ്ടു എല്ലാ മഴയിലും വന്നു വണ്ടിയിറങ്ങിയത് . മഴച്ചാറ്റലിനിടയിലൂടെ  ഒരു മങ്ങികത്തുന്ന  ടോര്‍ച്ചിന്റെ പ്രകാശമായി വഴി കടന്നു വരുന്ന അയാളെ കാത്ത് ജനല്‍പ്പടിയില്‍ അവളുടെ മുഖം ടോര്‍ച്ചിന്റെ നേര്‍ത്ത പ്രകാശത്തില്‍ തിളങ്ങിയിരുന്നു.
        
            അലച്ചു പെയ്യുന്ന മഴയുടെ തണുപ്പിലും അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിന്റെ ചൂടില്‍ എല്ലാ മഴയിലും അയാള്‍ ഉരുകി വീണു കൊണ്ടിരുന്നു. നെഞ്ചില്‍ പരതുന്ന വിരലുകള്‍ തന്റെയുള്ളിനെ  നഗ്നമാക്കുന്നുവോയെന്ന ഭയത്താല്‍ അയാള്‍ പലപ്പോഴും ചൂളിയിരുന്നു. ഏതെങ്കിലുമൊരു വരവില്‍ വാങ്ങിക്കാന്‍ അയാള്‍ കണ്ടുവെച്ച കളിപ്പാട്ടങ്ങളും കുപ്പായങ്ങളും കടകളില്‍ നിന്നപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
        ആവര്‍ത്തനങ്ങള്‍ക്കപ്പുറം   ഒരമ്പരപ്പിന്റെ സുഖം,  എഴുതിയറിയിക്കാന്‍ മറന്നതൊന്നുമല്ല .

          പണിയില്ലാതെ നടന്ന കാലത്തെ ഒരുച്ച നേരത്താണ്   അവള്‍ ജീവിതത്തിലേക്ക് ഓടിക്കയറിയത് . കടത്തിണ്ണയിലെ  സൊറ പറച്ചിലും , ഉറക്കവും ചൂണ്ടയിടലുമായി നേരം പോക്കി . മഴയൊഴിഞ്ഞ നേരം തോടിന്റെ അരികു പറ്റിയുള്ള നേര്‍ത്ത വരമ്പിലൂടെ നടന്നു. നീണ്ട  കൈത പൊന്തകളുടെ  ഇടവേളയില്‍ നിറങ്ങള്‍ മിന്നികൊണ്ടിരുന്നു, നനവാര്‍ന്ന നിറങ്ങള്‍ . സോപ്പലിഞ്ഞ  ജലത്തിന്‍റെ  മണം, ചൂട് . വികാരങ്ങള്‍ക്ക് ഉരുക്കിന്‍റെ ബലമുണ്ടായിരുന്നെങ്കിലും  വെറുമൊരു  പാളമായി  ജലശയ്യയില്‍ അയാള്‍ വാടിക്കിടന്നു.
        
              ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ പാടം മുറിച്ചു കടക്കാന്‍ നേരമാണ് നാശം പിടിച്ച ടോര്‍ച്ചു കെട്ടത് . കണ്ണിനു വഴി കാണില്ലെങ്കിലും കാലുകള്‍ക്കറിയാമല്ലോ . കാലടി ശബ്ദം കേട്ട് മുന്നില്‍ തവളകള്‍ വരമ്പില്‍ നിന്നും താഴേക്ക്‌ ചാടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഇടക്കെപ്പോഴോ കാലില്‍ എന്തോ തട്ടിയത് അയാള്‍ക്ക്‌ വേദനിച്ചു , വല്ല വയല്‍ചുള്ളിയോ  മറ്റോ ആയിരിക്കും . ഇത്രക്കും തവളകളുള്ള  സ്ഥലത്ത് പാമ്പുണ്ടാകാന്‍ സാധ്യതയില്ലല്ലോ . ഉയരമുണ്ടായിരുന്ന വീടിനു മുന്നിലെ കടമ്പയുടെ രണ്ടു കോലുകള്‍ അഴിഞ്ഞു കിടക്കുന്നുണ്ട് . പടിഞ്ഞാറുള്ള മുറിയില്‍ നേരിയ വെളിച്ചമുണ്ട് .    അവള്‍ക്കൂഹമുണ്ടായിരിക്കണം  താനിന്നു  വരുമെന്ന് . മുറ്റത്തെ ചെളിയില്‍ ചവിട്ടിയപ്പോള്‍   മണ്ണിന്റെ ചൂട് പാദങ്ങളെ പൊതിഞ്ഞു. കഴുതോളമുയരത്തിലുള്ള അഴിയിട്ട ജനലിനുമപ്പുറം അവള്‍ .  മങ്ങിയ വെളിച്ചത്തിലും അവളുടെ ചുവന്ന പൊട്ടു തീക്ഷ്ണമായിരുന്നു, പാളത്തിനു മുകളില്‍ കിതച്ചു നില്ക്കാന്‍ തുടങ്ങുന്ന വെളിച്ചമായി .  നെഞ്ചില്‍ ഇരുമ്പുരഞ്ഞ നീറല്‍ പോലെ , ഇറങ്ങുമ്പോള്‍ കടമ്പയില്‍ തട്ടി മറിഞ്ഞു വീണു .

    പിന്നില്‍ ആര്‍ത്തലച്ചു പെയ്ത മഴ നിലച്ചിരുന്നു,. മെല്ലെ ഒരു ചാറ്റലായി അടുത്ത മഴക്കായി  നനുത്ത മിന്നല്‍പ്പിണരുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. പാടത്തിനപ്പുറം പൊട്ടുപോലെ വെളിച്ചം , വേഗം പാളങ്ങളെ ഞെരിക്കുന്ന ശബ്ദം , ഗന്ധം.