Tuesday, 21 December 2010

വിരല്‍ത്തുമ്പുകളില്‍ അവള്‍

    എല്ലില്‍ തട്ടിയ മൂര്‍ച്ചയുടെ പുളിപ്പായാണവളെ  ആദ്യമറിഞ്ഞത്. തീരെ പ്രതീക്ഷിക്കാതെ തന്നെ , നിയോണ്‍ വെളിച്ചം പരന്നു കിടന്ന വഴിയില്‍ . വൃശ്ചിക മഞ്ഞിന്‍റെ ആവിയണിഞ്ഞു    നിന്ന നിയോണ്‍ വിളക്കുകളുടെ വെളിച്ചം തട്ടി എന്‍റെ മുന്നില്‍ അവളുടെ പുഞ്ചിരി തിളങ്ങി , ഒരു നിമിഷാര്‍ദ്ധം .

    ദീര്‍ഘമായ കാത്തിരിപ്പിന്റെ വേദനകളറിയാതെ  തൊട്ടടുത്തുണ്ടെന്ന  തോന്നലായിരുന്നു ആ ദിനങ്ങളില്‍ . ഓര്‍മ്മയുടെ കയങ്ങളില്‍ ഞങ്ങള്‍ കണ്ണു പൊത്തിക്കളിച്ചു .  മയക്കങ്ങള്‍ക്കിടയില്‍ അവള്‍ എന്‍റെ ചുണ്ടില്‍ നേര്‍ത്ത നനവായി , നെറ്റിയിലെ ഒരു തുള്ളി വിയര്‍പ്പായി , വിരല്‍ത്തുമ്പുകളില്‍ അരിച്ചെത്തുന്ന തണുപ്പായി അവള്‍ എന്നെ സ്പര്‍ശിച്ചു . തണുപ്പ് പടരുമ്പോള്‍ ഞാന്‍ കോരിത്തരിച്ചു .

   ഞാനും അവളും അന്ന് ചെറുപ്പമായിരുന്നു . അവളുടെ നിറം എന്‍റെ കണ്ണിമയ്ക്കുള്ളില്‍ തന്നെയായിരുന്നു , കറുപ്പോളം കറുത്ത് . ഒരു പുലര്‍ച്ചയില്‍ മഞ്ഞുതുള്ളികള്‍ പരന്നു കിടക്കുന്ന പുല്‍മേടിനു മുകളിലൂടെ താഴേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു  , അവളുടെ കൈ പിടിച്ച് , ചിറകു വെച്ചെന്ന പോലെ .  താഴെച്ചെന്നു കിതച്ചുകൊണ്ട് , ഗാഡമായി ആലിംഗനം ചെയ്തു ഞങ്ങളാ അരുവിയിലെക്കിറങ്ങി . ചുംബിക്കാന്‍ നിന്ന നേരം തൊണ്ടയിലെന്തോ തടഞ്ഞു , അതു ഞങ്ങളെ മെല്ലെ മെല്ലെ വേര്‍പ്പെടുത്തി .

     ആ രാത്രിക്ക് മുന്‍പും പലപ്പോഴും ഞാനവളെ കണ്ടിട്ടുണ്ട് . അടിയൊഴുക്കുള്ള നദികളില്‍ , ചൂട് പറക്കുന്ന പാളങ്ങളില്‍ , സ്പിരിറ്റിന്റെ മണമുള്ള ആശുപത്രി ഇടനാഴികളില്‍ , മങ്ങിയ വെളിച്ചമുള്ള തെരുവുകളില്‍ . അന്നൊന്നും അടുത്തറിയാന്‍ ശ്രമിച്ചില്ല എന്നതാണ്‌ നേര് . അടുത്തു വന്നപ്പോള്‍ പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല .  അതിനു മുന്‍പേ അവളെന്നെ ഗാഡമായി പുണര്‍ന്നു . അവള്‍ ഉച്ച്വസിക്കുമ്പോള്‍   ചൂടും തണുപ്പും മാറിമാറി എന്‍റെ ചെവിയെത്തലോടി .
         " അമ്പരന്നിട്ടുണ്ടാകും അല്ലെ?"
       " തീര്‍ച്ചയായും , ഈ തെരുവുകളില്‍ നിന്നെക്കാണുമെന്ന്‌    , ഇവിടെ നമ്മളൊന്നാകുമെന്നു  ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ."
     " സത്യം പറയൂ , നീയെന്നെ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല അല്ലെ? "
     " അതു തെറ്റാണ് , ഒരിക്കലുമെന്നു പറയരുത് . തോല്‍വികളില്‍ , നിരാശകളില്‍  ജന മധ്യത്തില്‍ ഞാന്‍ നഗ്നനാകുമ്പോള്‍ നിന്‍റെ സാമീപ്യം ഞാന്‍ കൊതിച്ചിരുന്നു . നിന്‍റെ മുടിയിഴകള്‍ക്കുള്ളിലെന്റെ മുഖമൊളിപ്പിക്കാന്‍ . പക്ഷെ പലപ്പോഴും ഞാനതിനു അര്‍ഹനല്ലെന്നാണ്  കരുതിയത്‌ . കെട്ടുപാടുകളുടെ കണക്കുകള്‍ തീര്‍ക്കാതെ എനിക്കെങ്ങനെ അവകാശം പറയാന്‍ കഴിയുമെന്ന് വിചാരിച്ചു . അവകാശമില്ലാതെ വലിഞ്ഞു കയറി നിന്‍റെ മുന്നില്‍ വരാന്‍ എനിക്ക് ജാള്യത തോന്നി ."
      " കുഴപ്പമില്ല , ഇന്ന് ഞാനാണ് നിന്നെ തേടി വന്നത് . നമ്മളീ തെരുവില്‍ പുലരും വരെ ഇങ്ങനെ പുണര്‍ന്നു കിടക്കും . രാത്രി നമ്മളെ മഞ്ഞുകൊണ്ടഭിഷേകം ചെയ്യും . കണ്ണു ചിമ്മുന്ന നക്ഷത്രങ്ങള്‍ ആരതിയുഴിയും , പിന്നെ ബഹളങ്ങളൊടുങ്ങുമ്പോള്‍    നമ്മളൊന്നാകും ."

      രാത്രി ഞങ്ങളെ ആശീര്‍വദിക്കുന്ന നേരത്ത് അവര്‍ എന്നെ അവളില്‍ നിന്നടര്‍ത്തിയെടുക്കാന്‍ വന്നു .  നരച്ച , സ്പിരിറ്റിന്‍റെ ഗന്ധം നിറഞ്ഞു നിന്ന വണ്ടിയില്‍ . ദിവസങ്ങളോളം അവര്‍ അവളെ എന്നില്‍ നിന്നകറ്റി നിര്‍ത്തി . പക്ഷെ ഇരുളിന്‍റെ  മറ പറ്റി പുലര്‍ കാലങ്ങളില്‍ അവള്‍ വന്നെന്നെ ഗാഡമായി പുണര്‍ന്നിരുന്നു , അവള്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങി  . ഒടുവില്‍ എന്‍റെ കണ്ണിലേയ്ക്കു  മെല്ലെ അരിച്ചു കയറിയ കുമ്മായമടിച്ച സീലിങ്ങിന്റെ വെളുപ്പില്‍ അവളലിഞ്ഞു പോയി .

    അന്നെന്നെ അവളില്‍ നിന്നകറ്റിയവര്‍ എന്‍റെ ചുറ്റും ഇന്നിരിപ്പുണ്ട് , അവളെ കാത്ത്  .

     തീ നുകരാന്‍ വെമ്പി നില്‍ക്കുന്ന ചന്ദനത്തിരികള്‍ , തിരികളിലലിയാന്‍ തുളുമ്പി നില്‍ക്കുന്ന വിളക്കെണ്ണ  , തലയ്ക്കു മുകളില്‍ പറക്കാന്‍ തരിച്ചു നില്‍ക്കുന്ന തൂമ്പയും പിന്നെ ഞാനും ആ നിമിഷത്തിനായ് ... ചുണ്ടില്‍ നേര്‍ത്ത നനവായി , നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പായി , വിരല്‍ത്തുമ്പുകളിലൂടെ  അരിച്ചെത്തുന്ന തണുപ്പായി അവളിന്നു വരും .

5 comments:

 1. ആ രാത്രിക്ക് മുന്‍പും പലപ്പോഴും ഞാനവളെ കണ്ടിട്ടുണ്ട് . അടിയൊഴുക്കുള്ള നദികളില്‍ , ചൂട് പറക്കുന്ന പാളങ്ങളില്‍ , സ്പിരിറ്റിന്റെ മണമുള്ള ആശുപത്രി ഇടനാഴികളില്‍ , മങ്ങിയ വെളിച്ചമുള്ള തെരുവുകളില്‍...........
  ചുണ്ടില്‍ നേര്‍ത്ത നനവായി , നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പായി , വിരല്‍ത്തുമ്പുകളിലൂടെ അരിച്ചെത്തുന്ന തണുപ്പായി അവളിന്നു വരും...

  ReplyDelete
 2. വീര്യമുള്ള എഴുത്ത് എന്റെ കാഴ്ച പ്പാട്
  ഇനിയും ഉണ്ടാവട്ടെ

  ReplyDelete
 3. "ഹൃദയത്തിന്‍ മധു പാത്രം നിറയുന്നൂ "
  ആശംസകള്‍ ........

  ReplyDelete