Monday 13 December 2010

പാളങ്ങള്‍

              ആകാശത്തിന്റെ നനുത്ത നീലവെളിച്ചത്തില്‍ പിന്നിലേയ്ക്ക് ഓടി മറയുന്ന ഓരോ നിഴലും നെഞ്ചില്‍ വിങ്ങലിന്റെ കനം കൂട്ടി. പുറത്തു നിന്നും തള്ളി കയറിയ തണുത്ത കാറ്റ് കഴുത്തില്‍ കെട്ടിപ്പുണര്‍ന്നു മുഖത്ത് വീണ്ടും വീണ്ടും ഉമ്മ വെച്ചു , ഷാളിലേക്ക്  കൈ നീണ്ടെങ്കിലും അയാള്‍ വേണ്ടെന്നു വെച്ചു . മുമ്പിലിരുന്ന വൃദ്ധന്‍ ഉറക്കെ ചുമച്ചു കൊണ്ടിരുന്നു. ദൂരെ ഒരു പൊട്ടു പോലെ വളവു തിരിഞ്ഞു വരുന്ന വണ്ടിയുടെ പ്രകാശം അയാള്‍ കണ്ടു . അത് അടുത്തടുത്ത്‌ വരുന്തോറും അതിന്റെ നിറം തീക്ഷ്ണമാവുന്നതും തന്റെ വിരല്‍തുമ്പില്‍ കുങ്കുമ വര്‍ണ്ണത്തില്‍  തിളങ്ങുന്നതും അയാള്‍ കണ്ടു. അയാള്‍ കൈതച്ചെടികള്‍ വളര്‍ന്നു നിന്ന കൈത്തോടിലെ നനുത്ത ജലത്തില്‍  ഒരു പാളമായി മാറി . ആ പാളത്തില്‍ ഓടിത്തളര്‍ന്നു കിതച്ചു നിന്ന നേരം അവള്‍ അയാളുടെ മുഖത്ത് ചുംബിച്ചു . അവളുടെ കണ്ണില്‍ തിളങ്ങി നിന്നിരുന്ന രണ്ടു നീര്‍ത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ കര്‍ക്കിടകത്തില്‍ കാനല്‍തുള്ളിയെറ്റെന്ന  പോലെ അയാള്‍ തരിച്ചുപോയി. കണ്‍തടത്തിലെ കാര്‍മേഘങ്ങള്‍ ചുംബനത്തിന്റെ ഉഷ്മാവിനെ തണുപ്പിച്ചു കളഞ്ഞു.
      
           കര്‍ക്കിടകങ്ങള്‍ അവളെ അയാള്‍ എന്ന അച്ചുതണ്ടിന് ചുറ്റും കൂടുതല്‍ കൂടുതല്‍ ബന്ധിച്ചിരുന്നു . അടുക്കളപ്പുറത്തെ നേര്‍ത്ത തിണ്ടില്‍ പുണര്‍ന്നു നിന്ന അവരെ കാണാതെ ഒരു വര്‍ഷവും തിരിച്ചു പോയില്ല. അതുകൊണ്ട്  തന്നെയാണയാള്‍  വര്‍ഷത്തിന്‍റെ മുഴുവന്‍ വിങ്ങലും തണുപ്പും ഊഷ്മാവും പേറിക്കൊണ്ടു എല്ലാ മഴയിലും വന്നു വണ്ടിയിറങ്ങിയത് . മഴച്ചാറ്റലിനിടയിലൂടെ  ഒരു മങ്ങികത്തുന്ന  ടോര്‍ച്ചിന്റെ പ്രകാശമായി വഴി കടന്നു വരുന്ന അയാളെ കാത്ത് ജനല്‍പ്പടിയില്‍ അവളുടെ മുഖം ടോര്‍ച്ചിന്റെ നേര്‍ത്ത പ്രകാശത്തില്‍ തിളങ്ങിയിരുന്നു.
        
            അലച്ചു പെയ്യുന്ന മഴയുടെ തണുപ്പിലും അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിന്റെ ചൂടില്‍ എല്ലാ മഴയിലും അയാള്‍ ഉരുകി വീണു കൊണ്ടിരുന്നു. നെഞ്ചില്‍ പരതുന്ന വിരലുകള്‍ തന്റെയുള്ളിനെ  നഗ്നമാക്കുന്നുവോയെന്ന ഭയത്താല്‍ അയാള്‍ പലപ്പോഴും ചൂളിയിരുന്നു. ഏതെങ്കിലുമൊരു വരവില്‍ വാങ്ങിക്കാന്‍ അയാള്‍ കണ്ടുവെച്ച കളിപ്പാട്ടങ്ങളും കുപ്പായങ്ങളും കടകളില്‍ നിന്നപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
        ആവര്‍ത്തനങ്ങള്‍ക്കപ്പുറം   ഒരമ്പരപ്പിന്റെ സുഖം,  എഴുതിയറിയിക്കാന്‍ മറന്നതൊന്നുമല്ല .

          പണിയില്ലാതെ നടന്ന കാലത്തെ ഒരുച്ച നേരത്താണ്   അവള്‍ ജീവിതത്തിലേക്ക് ഓടിക്കയറിയത് . കടത്തിണ്ണയിലെ  സൊറ പറച്ചിലും , ഉറക്കവും ചൂണ്ടയിടലുമായി നേരം പോക്കി . മഴയൊഴിഞ്ഞ നേരം തോടിന്റെ അരികു പറ്റിയുള്ള നേര്‍ത്ത വരമ്പിലൂടെ നടന്നു. നീണ്ട  കൈത പൊന്തകളുടെ  ഇടവേളയില്‍ നിറങ്ങള്‍ മിന്നികൊണ്ടിരുന്നു, നനവാര്‍ന്ന നിറങ്ങള്‍ . സോപ്പലിഞ്ഞ  ജലത്തിന്‍റെ  മണം, ചൂട് . വികാരങ്ങള്‍ക്ക് ഉരുക്കിന്‍റെ ബലമുണ്ടായിരുന്നെങ്കിലും  വെറുമൊരു  പാളമായി  ജലശയ്യയില്‍ അയാള്‍ വാടിക്കിടന്നു.
        
              ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ പാടം മുറിച്ചു കടക്കാന്‍ നേരമാണ് നാശം പിടിച്ച ടോര്‍ച്ചു കെട്ടത് . കണ്ണിനു വഴി കാണില്ലെങ്കിലും കാലുകള്‍ക്കറിയാമല്ലോ . കാലടി ശബ്ദം കേട്ട് മുന്നില്‍ തവളകള്‍ വരമ്പില്‍ നിന്നും താഴേക്ക്‌ ചാടുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഇടക്കെപ്പോഴോ കാലില്‍ എന്തോ തട്ടിയത് അയാള്‍ക്ക്‌ വേദനിച്ചു , വല്ല വയല്‍ചുള്ളിയോ  മറ്റോ ആയിരിക്കും . ഇത്രക്കും തവളകളുള്ള  സ്ഥലത്ത് പാമ്പുണ്ടാകാന്‍ സാധ്യതയില്ലല്ലോ . ഉയരമുണ്ടായിരുന്ന വീടിനു മുന്നിലെ കടമ്പയുടെ രണ്ടു കോലുകള്‍ അഴിഞ്ഞു കിടക്കുന്നുണ്ട് . പടിഞ്ഞാറുള്ള മുറിയില്‍ നേരിയ വെളിച്ചമുണ്ട് .    അവള്‍ക്കൂഹമുണ്ടായിരിക്കണം  താനിന്നു  വരുമെന്ന് . മുറ്റത്തെ ചെളിയില്‍ ചവിട്ടിയപ്പോള്‍   മണ്ണിന്റെ ചൂട് പാദങ്ങളെ പൊതിഞ്ഞു. കഴുതോളമുയരത്തിലുള്ള അഴിയിട്ട ജനലിനുമപ്പുറം അവള്‍ .  മങ്ങിയ വെളിച്ചത്തിലും അവളുടെ ചുവന്ന പൊട്ടു തീക്ഷ്ണമായിരുന്നു, പാളത്തിനു മുകളില്‍ കിതച്ചു നില്ക്കാന്‍ തുടങ്ങുന്ന വെളിച്ചമായി .  നെഞ്ചില്‍ ഇരുമ്പുരഞ്ഞ നീറല്‍ പോലെ , ഇറങ്ങുമ്പോള്‍ കടമ്പയില്‍ തട്ടി മറിഞ്ഞു വീണു .

    പിന്നില്‍ ആര്‍ത്തലച്ചു പെയ്ത മഴ നിലച്ചിരുന്നു,. മെല്ലെ ഒരു ചാറ്റലായി അടുത്ത മഴക്കായി  നനുത്ത മിന്നല്‍പ്പിണരുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. പാടത്തിനപ്പുറം പൊട്ടുപോലെ വെളിച്ചം , വേഗം പാളങ്ങളെ ഞെരിക്കുന്ന ശബ്ദം , ഗന്ധം.

7 comments:

  1. ഇവിടെ പുതിയ ആളാ..നന്നായി എഴുതുന്നുണ്ടല്ലോ...

    ReplyDelete
  2. വിപിന്‍,
    ആശംസകള്‍, നല്ല വാക്കുകള്‍ കോര്‍ത്തിണക്കിയ എഴുത്ത്. തുടര്‍ന്നും എഴുതുക,

    ഇനിയും വരാം..

    ReplyDelete
  3. വളരെ നല്ല ഭാഷ.
    ആശംസകള്‍!

    ReplyDelete
  4. നല്ല ആഖ്യാനം..നെയ്തെടുത്ത പോലെ ഒതുക്കത്തിലുള്ള കഥപറച്ചില്‍ .നന്നായി.

    ReplyDelete
  5. മനോഹരമായ ഭാഷ കൈയിലുണ്ടല്ലോ.
    ഇനിയും എഴുതു.
    ആശംസകൾ.

    ReplyDelete
  6. jazmikkuty , elayoden ,nandu , muhammad ,echumukutty
    എല്ലാവര്‍ക്കും നന്ദി , അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും

    ReplyDelete
  7. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete